Wednesday, 13 February 2013

പേടി

പേടി 

കുഞ്ഞേ ,
കാഴ്ചകള്‍ കണ്ടു പേടിക്കതിരിക്കാന്‍ 
നിന്റെ കണ്ണുകളില്‍
 ഞാന്‍ അഗ്നി പടര്‍ത്തുന്നു .
 പേടിക്കരുത് 

ഒരു കാഴ്ചയും ഇനി നീ കാണില്ല .
മകളെ കൂട്ടികൊടുക്കുന്ന അമ്മയുടെ മുഖം 
കാണില്ല 

ബലാല്‍സംഗം ചെയ്യപ്പെട്ടു വഴിയിലെ മരിച്ചു വീഴുന്ന 
സഹോദരിയുടെ മുഖം കാണില്ല 
വെട്ടേറ്റു വേര്‍പെട്ട സഹോദരന്റെ 
ശിരസ്സ്‌ കാണില്ല 
പേടിക്കരുത് 

വാക്കുകള്‍ കേട്ട് പേടിക്കാതിരിക്കാന്‍ 
നിന്റെ ചെവിയില്‍ ഞാന്‍ അഗ്നി പടര്‍ത്തുന്നു 
പേടിക്കരുത് 

ഒരു വാക്കും ഇനി നീ കേള്‍ക്കില്ല
 രാത്രികളില്‍ ചാനല്‍ ആചാര്യന്മാരുടെ 
ശ്വാന ശബ്ദം കേള്‍ക്കില്ല 

ഭൂരിപക്ഷ ന്യൂനപക്ഷ മത നേതാക്കളുടെ 
നികൃഷ്ട വാക്കുകള്‍ കേള്‍ക്കില്ല 
ജന്മദിന ആഘോഷങ്ങളിലും ചരമ പ്രഭാഷണം
 നടത്തുന്ന നേതാക്കളുടെ വാക്കുകള്‍
 കേള്‍ക്കില്ല 
പേടിക്കരുത് 

ദുസ്വപ്നം കണ്ടു പേടിക്കതിരിക്കാന്‍ 
നിന്റെ പകല്‍ ഉറക്കത്തിനു മേല്‍ ഞാന്‍ അഗ്നി പടര്‍ത്തുന്നു 
സത്യം പറഞ്ഞു കാരാഗൃഹം കേറാ തിരിക്കാന്‍ 
നിന്റെ നാവില്‍ ഞാന്‍ നാരായമുന ആഴ്തുന്നു 
വഴി നടന്നു വഴിതെറ്റാതിരിക്കാന്‍ നിന്റെ പാദങ്ങള്‍ക്ക് കീഴെ 
മുള്ളാണികള്‍ വിതറുന്നു 

കുഞ്ഞേ പേടിക്കരുത് 

ഇനിയൊരു തലമുറയ്ക്ക് ജന്മം നല്‍കാതിരിക്കാന്‍ 
നിന്റെ ഗര്‍ഭപാത്രം ഞാന്‍ കവര്‍ന്നെടുക്കുന്നു 

നിനക്ക് പറക്കാന്‍ ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍ 
അത് ഞാന്‍ അരിഞ്ഞെടുത്തേനെ 
കാണാന്‍ മൂന്നാം കണ്ണ് ഉണ്ടായിരുന്നെങ്കില്‍ 
അത് ഞാന്‍ ചൂഴ്ന്നെടുത്തേനെ 

Tuesday, 5 February 2013

രക്തം



കൈകഴുകുന്ന നേരം 
പീലാത്തോസ്
യേശുവിനു നേരെ നോക്കിയില്ല 

പീലാത്തോസിന്റെ മനസ്സില്‍ 
നചികേതസ്സിന്റെ വാക്കുകള്‍ നിറഞ്ഞു ..

എനിക്ക് മുന്നേ നടക്കുന്നവരുടെ 
ഏറ്റവും പിറകിലായി 
എനിക്ക് പിന്‍പേ വരുന്നവരുടെ
ഏറ്റവും മുന്നിലായി 
എനിക്ക് മരണകവാടം കടക്കണം 

രാക്ഷസ രൂപം പൂണ്ട പുരുഷാരത്തിനു മേല്‍ 
മറിയയുടെ മൌനം അടക്കിയ വിതുമ്പല്‍ 
ഉണര്‍ന്നു 

അപ്പോള്‍ പീലാത്തോസിന്റെ 
കൈകളില്‍ യേശുവിന്റെ രക്തം 
നിറഞ്ഞു ,നെഞ്ചിലും 

Saturday, 2 February 2013

നിന്റെ പിഴ, നിന്റെ മാത്രം പിഴ

ചരിത്രത്തില്‍ പ്രതീഷ് നാന്ദിയുടെ കുരിശു മരണം ആരും പ്രവചിച്ചില്ല .പക്ഷെ കറങ്ങുന്ന രാക്ഷസ ചക്രങ്ങള്‍ക്ക് കീഴെ നാന്ദിയുടെ കുരിശുമരണം നടന്നു കൂര്‍ത്ത മുനയുള്ള ആണികള്‍ ആഴ്‌ന്നിറങ്ങി നാന്ദിയുടെനടുവില്‍ ചോര വാര്‍ന്നു .

അസ്തമയ സുര്യന്റെ ച്ചുവപ്പേറ്റു  ചോര പിന്നെയും ചുവന്നു .

മൂനാം നാള്‍ ഉയര്‍ത്ത് എഴുന്നേല്‍ക്കും എന്ന പ്രതീക്ഷയില്‍ ചോര കലര്‍ന്ന വിയര്‍പ്പു  ഒപ്പാന്‍ മഗ്ദലനയിലെ മറിയം എത്തിയില്ല .

അല്ലെങ്കിലും നാന്ദി ഞാന്‍ ആരും അല്ല .
ഈ കുരിശു മരണം നീ അര്‍ഹിക്കുന്നതാണ് ആയിരങ്ങളുടെ ആരവങ്ങള്‍ക്ക് നടുവില്‍ കടലില്‍ താഴുന്ന സൂര്യനൊപ്പം ഈ കുരിശുമരണം നീ ഇരന്നു വാങ്ങിയതല്ലേ ..?

പത്രപ്രവര്‍ത്തകന്‍ ,എഴുത്തുകാരന്‍ ,സ്ത്രീപക്ഷചിന്തകന്‍ അങ്ങിനെ എല്ലാം തികഞ്ഞ ബുദ്ധിജീവി .അപ്പോള്‍ നീ അറിയാത്തതല്ല ...

ഏദന്‍ തോട്ടത്തിന്‍ നടുവിലെ പഴം ഹവ്വ ആദത്തിനു നല്‍കുന്നു .ഭൂമിയിലെ ആദ്യപാപം .ആദ്യപാപതിന്റെ ദുരന്ത ഫലങ്ങള്‍ നിനക്ക് അറിവുള്ളതല്ലേ .അന്ന് മുതല്‍ ഇന്ന് വരെ ഈ ഞാനും നീയും ഇവളും പിന്നെ സകല മനുഷ്യരും അനുഭവിക്കുന്ന ദുരിതം അതല്ലേ .

അല്ലെങ്കില്‍ തന്നെ നിനക്ക് ബുദ്ധിയില്ലേ ബുദ്ധിജീവികള്‍ സാധാരണ കൊണ്ട് നടക്കുന്ന നീണ്ട മുടിയിഴകള്‍ ഇല്ലെങ്കിലും .
നീ ഒന്നാലോചിച്ചേ ഈ ഭൂമിയിലെ വൈരുധ്യങ്ങള്‍ ..ഭര്‍ത്താവിനൊപ്പം ഏറെ നാള്‍ കഴിഞ്ഞു ഗര്‍ഭം ധരിച്ചു നൊന്തു പ്രസവിച്ച സ്ത്രീയെ നാം കന്യക എന്ന് വിളിക്കുന്നു ..അവിവാഹിതയായ പ്രസവിക്കാത്ത മനുഷ്യ ദൈവത്തെ നാം അമ്മയെന്ന് വിളിക്കുന്നു മദ്യപിക്കാത്ത മദ്യത്തിന്റെ രുചിയറിയാത്ത മദ്യ നിരോധന പ്രവര്തകന്‍ കെ ബാബുവിന്റെ മദ്യനയം തെറ്റാണെന്ന് പറയുന്നു ..ഇതാണ് ലോകം .

ഇതാണ് ലോകമെന്നു ഞാനും ഇവളും നിന്നോട് പറഞ്ഞു തരേണ്ടതില്ല .എന്നിട്ടും നീ - അപ്പോള്‍ അതാണ്‌ പറഞ്ഞത് ഈ കുരിശു മരണം നീ ഇരന്നു വാങ്ങിയ നിന്റെ വിധിയാണ് ..
ഷണ്ഡനായ പാണ്ടുവിന്റെ മക്കളെ നീയും വിളിക്കുന്നത് പാണ്ഡവര്‍ എന്നല്ലേ ? അത് പാണ്ഡവരുടെ വിധി അതും നിനക്കറിയാം 
എന്നിട്ടും നീ അക്ഷരങ്ങളില്‍ പൊതിഞ്ഞ് നിന്റെ സ്നേഹം ഇവള്‍ക്ക് നല്‍കി എന്തിനു..? 

 നിനക്കറിയാമല്ലോ ഞാന്‍ ഒരു വിശ്വസ്സിയല്ല.. എന്ന് പറയുമ്പോള്‍ അവിശ്വാസം എന്റെ വിശ്വാസമല്ല .വിശ്വാസി അല്ലാത്ത ഞാന്‍ വിധിയില്‍ വിശ്വസ്സിക്കുന്നു എന്ന് പറഞ്ഞാല്‍ നിനക്ക് അത് മനസ്സിലാകും ...അതിരാത്രം കൊണ്ട് മഴ പെയ്യാം ..  ഭൂമി ഉരുണ്ടതാണോ എന്ന് ഇപ്പോഴും ഞാന്‍ സംശയിക്കുന്നു .അപ്പോള്‍ അതാണ്‌ കാര്യം എന്റെ  അവിശ്വാസമാണ് എന്റെ വിശ്വാസം ...

വിധിയാവും...... നീ നല്‍കിയ മധുരം നുണഞ്ഞു ,വര്‍ഷങ്ങളായി കൊണ്ട് നടന്ന മധുരം നിറഞ്ഞ വേദന ഇവളില്‍ കണ്ണ് നീരായി അലിഞ്ഞൊഴുകുന്നു ..അനിവാര്യമായ ദുരന്തത്തില്‍ ഹവ്വ ആദമിനു നല്‍കിയ പഴം പോലെ ...............

എല്ലാം അറിയുന്നവന്‍ സ്വയം ബുദ്ധിജീവിയെന്നു അഹങ്കരിക്കുന്നവന്‍ നീ ....നാന്ദി 

ഇനി ഈ മനസ്സില്‍ കവിതയില്ലെന്നു ടീച്ചര്‍ പാടിയത് ടീച്ചര്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല .എല്ലാ സമാനഹൃദയര്‍ക്കും വേണ്ടി ആയിരുന്നു......എങ്കിലും കവിതയുടെ ഇത്തിരി പച്ചപ്പ്‌ ഞങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നില്ലേ ? അതാണ്‌ നീ പറിച്ചെടുത്ത്  അഗ്നിയുടെ നാമ്പുകള്‍ കൊളുത്തിയത് ..നിനക്ക് അറിയാമല്ലോ കരിഞ്ഞു പോവാന്‍ ബാക്കിയൊന്നും ഉണ്ടായില്ല .

ഇത്തിരി ചാരം ഞാന്‍ കോരിയെടുക്കുന്നു 

ആചാരങ്ങളില്ലാതെ   ജലകണികകള്‍ ഇറ്റിക്കാതെ ദര്‍ഭപുല്ല് മോതിരമായി അണിയാതെ നിന്റെ ഓര്‍മയ്ക്ക് മേല്‍ ഞാന്‍ ബലിയിടുന്നു ..

ഒരു കാക്കയും വരില്ല ഈ ബലി ചോറ് ഉണ്ണാന്‍ 

ഒരു ഉയര്ത്തെഴുനെല്പ്പ് നിനക്കില്ല .എനിക്കില്ല .ഇവള്‍ക്കുമില്ല